Thursday, July 14, 2011

എരിയുന്ന കനല്‍ ....

മുള്ളിന്മേല്‍ മുണ്ടിട്ടാല്‍ മെല്ലെ മെല്ലെ എടുക്കണം എന്നാണ്.അതാണു അഭികാമ്യം.അല്ലെങ്കില്‍ മുണ്ട് കീറി പോകും.ഏതൊരു അപകടത്തില്‍ ചാടിയാലും ശ്രദ്ധിച്ചുള്ള പെരുമാറ്റം ഇല്ലെങ്കില്‍ ദോഷം സംഭവിക്കും.മുള്ളും മുണ്ടും രണ്ടും നിസാരമായി തോന്നുമെങ്കിലും കാര്യത്തിന്‍റെ ഗൌരവം ബോധ്യമായിട്ടുണ്ടാകും.

നാനാത്വതതില്‍ ഏകത്വം ശീലമാക്കിയ ഇന്ത്യാ മഹാരാജ്യത്ത് ഒരു വ്യവഹാര തര്‍ക്കം ഇതു പോലെ അപകടം പിടിച്ച ഒന്നായി അനിശ്ചിതമായി നീളുന്നു.ആറ് പതിറ്റാണ്ടായി ഇന്ത്യയുടെ ആത്മാവില്‍ വെന്തു നീറിക്കൊണ്ടിരുന്ന ഒരു കനലാണ് അയോധ്യ എന്ന പുണ്യ പുരാതന നഗരം.ആര്‍ഷ ഭാരത സംസ്കാരത്തില്‍ ഉറപ്പിക്കപ്പെട്ട സര്‍വ്വ മത സാഹോദര്യത്തിന്‍റെ പ്രതികമാണ് അയോധ്യ.സം‌യമനവും ആത്മനിയന്ത്രണവും വിട്ടു സര്‍വ്വ മത സാഹോദര്യവും നാനാത്വത്തില്‍ ഏകത്വവും തീര്‍ത്ത വേലിക്കെട്ടുകളെ പൊളിച്ചു മതത്തിന്‍റെയും ജാതിയുടെയും പേരു പറഞ്ഞു പോരടിച്ചത് നമ്മളാരും മറന്നിട്ടുണ്ടാകില്ല.അയോധ്യ രാമ ജന്മഭൂമിയാണെന്നും അതല്ല ബാബറി മസ്ജിദാണെന്നും രണ്ടു പ്രബല മത വിഭാഗങ്ങള്‍ വിശ്വസിക്കുന്നിടത്ത് തുടങ്ങിയ തര്‍ക്കമാണ് പതിറ്റാണ്ടു കാലമായി എരിഞ്ഞു കൊണ്ടിരിക്കുന്നത്.സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുപ്പതിന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബഞ്ച് നടത്തിയ വിധി പ്രഖ്യാപനം രാജ്യം ശ്രവിച്ചത് എത്ര നെഞ്ചിടിപ്പോടെ ആയിരുന്നു.എന്നാല്‍ അന്നത്തെ വിധി സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നു.തര്‍ക്കം പരിഹരിക്കാന്‍ സ്ഥലം പങ്കിട്ടെടുക്കാം എന്ന കീഴ്കോടതി വിധി വളരെ വിചിത്രമായതാണെന്നു ഉന്നത കോടതി നിരീക്ഷണം നടത്തിയിരിക്കുന്നു.ചുരുക്കത്തില്‍ ഈ കനല്‍ ഉടനെയൊന്നും കെട്ടു പോകില്ല എന്ന് തന്നെയാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്.

വെറുമൊരു വ്യവഹാര തര്‍ക്കം മാത്രമല്ല അയോധ്യ എന്നത് എല്ലാവര്‍ക്കുമറിയാം.വളരെ സെന്‍സിറ്റീവായ വിഷയം.ജാതീയതയുടെ ഒരു ചെറിയ തീപ്പൊരി മതി നാട് കത്തിച്ചാമ്പലാകാന്‍ എന്ന് നമ്മള്‍ പരിചയിച്ചിട്ടുള്ളതാണ്.അതു കൊണ്ടു തന്നെ കോടതി വ്യവഹാരങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയ സമവാക്യങ്ങള്‍ ഈ തര്‍ക്ക പരിഹാരത്തിനു വഴിയൊരുക്കേണ്ടതുണ്ട്.എന്നാല്‍ അതിന് ആര്‍ജ്ജവമുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവണം.തിരഞ്ഞെടുപ്പോ അധികാരമോ അല്ല രാജ്യത്തിന്‍റെ നില നിൽപ്പാണ് അത്യാവശ്യം എന്ന ബോധം ഈ പറഞ്ഞ രാഷ്ട്രീയ ഇടപെടലുകളില്‍ തെളിഞ്ഞു കാണണം.സം‌യമനവും സഹവര്‍ത്തിത്വവും പൂര്‍ണ്ണമായും തെളിഞ്ഞു കാണുവാനുള്ള ശ്രമം എല്ലാവരില്‍ നിന്നും ഉണ്ടാവണം.കാരണം നമ്മുടെ മഹത്തായ ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ കൈത്തിരി കെടാതെ വരുന്ന തലമുറയിലേയ്ക്ക് പകര്‍ന്നു കൊടുക്കണം.നാനാത്വത്തില്‍ ഏകത്വവും സര്‍വ്വ മത സാഹോദര്യവും അവരെ പറഞ്ഞു പഠിപ്പിക്കണം.അതു കൊണ്ട് മുള്ളില്‍ വീണത് മെല്ലെ മെല്ലെ എടുക്കുകയേ നിവൃത്തിയുള്ളൂ..

No comments:

Post a Comment